02:43am 07 November 2026
NEWS
ഭാഷയും കത്തും, ദ്വീപും കത്തും; തമിഴക രാഷ്ട്രീയത്തിൽ പുതിയ പോർമുഖം
30/06/2025  08:31 PM IST
അനീഷ് മോഹനചന്ദ്രൻ
ഭാഷയും കത്തും, ദ്വീപും കത്തും; തമിഴക രാഷ്ട്രീയത്തിൽ പുതിയ പോർമുഖം

രാജ്യമൊട്ടുക്ക് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി.) തേരോട്ടം തുടരുമ്പോഴും തെക്കേ ഇന്ത്യ അവർക്ക് ബാലികേറാമലയാണ്. ഇത് മറികടക്കാൻ അവർ പല അടവുകളും പയറ്റുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലെ നീക്കമായിരുന്നു മുൻ ഐ.പി.എസ്. ഓഫീസർ കെ. അണ്ണാമലൈ എന്ന യുവതുർക്കിയെ അവർ തമിഴകത്ത് ഇറക്കിയത്. അത് പാർട്ടിക്ക് ഏറെ ഗുണം ചെയ്‌തെങ്കിലും വിചാരിച്ചത്ര പൊളിറ്റിക്കൽ മൈലേജ് ലഭിച്ചില്ല. ബി.ജെ.പിയുടെ ആവനാഴിയിൽ ഇനിയും ചില അസ്ത്രങ്ങൾ ബാക്കിയുണ്ട്. അവ ഓരോന്നായി 2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കുമെന്ന് ഏറെക്കുറേ ഉറപ്പാണ്. എൻ.ഡി.എയുടെ മുൻ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയുമായി ബി.ജെ.പി. വീണ്ടും ബാന്ധവത്തിൽ ഏർപ്പെട്ടത് ഒരു തുടക്കം മാത്രം. ഇത് തിരിച്ചറിഞ്ഞ ദ്രാവിഡ മുന്നേറ്റ കഴകം ലീഡറും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ 'കട്ടിംഗ് സൗത്ത്' എന്ന സ്ട്രാറ്റജിയിൽ നിന്നും കട്ടിംഗ് തമിഴ്‌നാട് എന്നതിലേക്ക് ചുവടുമാറ്റിയിരിക്കുന്നു. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കുമെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. 

ബി.ജെ.പിയുടെ തേരോട്ടം തമിഴ്‌നാട്ടിൽ തടയാൻ സ്റ്റാലിൻ ഉപയോഗിച്ച പ്രയോഗമാണ് 'വടനാട്ട് കച്ചി' (ഉത്തരേന്ത്യൻ പാർട്ടി). ഹിന്ദിക്കാരെ തമിഴ്‌നാട്ടിന് ആവശ്യമില്ല എന്നായിരുന്നു സ്റ്റാലിന്റെ ആപ്തവാക്യം. ഇത് ഏറെക്കുറേ തമിഴ്‌നാട്ടിൽ വിജയിച്ചു. എന്നാൽ അണ്ണാമലൈ ഇതിനെയെല്ലാം മറികടക്കുന്ന തരത്തിൽ മുന്നോട്ടുപോയെങ്കിലും ബി.ജെ.പിക്കുള്ളിലെ ചില ആഭ്യന്തരപ്രശ്‌നങ്ങളും മുന്നണി ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യതയും പരിഗണിച്ച് അണ്ണാമലൈയെ പാർട്ടി അദ്ധ്യക്ഷസ്ഥാനത്തുനിന്നും മാറ്റി അവിടെ നൈനാർ നാഗേന്ദ്രൻ എന്ന മുൻമന്ത്രിയെ കൊണ്ടുവന്നു. ഇതോടെ എ.ഐ.എ.ഡി.എം.കെ. നേതാവും മുൻ മുഖ്യമന്ത്രിയും കൂടിയായ എടപ്പാടി പളനിസ്വാമി ബി.ജെ.പി. നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായി. ഇത് ബി.ജെ.പിയുടെ വടനാട് ഇമേജ് മാറ്റിമറിക്കും എന്നുറപ്പാണ്. അതോടെയാണ് സ്റ്റാലിൻ പുതിയ തന്ത്രം പ്രയോഗിക്കുന്നത്. 

നേരത്തേ, ബി.ജെ.പിക്ക് സ്വാധീനമില്ലാത്ത തെക്കേ ഇന്ത്യ ഒറ്റക്കെട്ടായി വേറിട്ട് നിൽക്കണം എന്നതായിരുന്നു സ്റ്റാലിൻ മുന്നോട്ടുവെച്ച ആശയം. പ്രത്യേകരാജ്യം എന്ന് പ്രത്യക്ഷത്തിൽ ആഹ്വാനം ചെയ്തില്ലെങ്കിലും സ്റ്റാലിന്റെ സ്ട്രാറ്റജി അതുതന്നെ ആയിരുന്നു. മുൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു, കേരളമുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെ കൂട്ടുപിടിച്ചായിരുന്നു സ്റ്റാലിന്റെ നീക്കുപോക്കുകൾ. എന്നാൽ അതത്ര എളുപ്പമല്ല എന്ന് സ്റ്റാലിനും അറിയാം. അങ്ങനിരിക്കെയാണ് തമിഴ്‌നാട്ടിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുന്നത്. ഇത് മുന്നിൽ കണ്ട് കട്ടിംഗ് സൗത്ത് എന്നത് മാറ്റി കട്ടിംഗ് തമിഴ്‌നാട് സ്ട്രാറ്റജി കളിക്കാനാണ് അദ്ദേഹത്തിന്റെ പുതിയ നീക്കം. 

ഇതിന്റെ ആദ്യപടിയായി ജനങ്ങളുടെ ഹിതപരിശോധന നടത്താൻ സ്റ്റാലിൻ നീക്കങ്ങൾ ആരംഭിച്ചു. സ്റ്റാലിൻ മന്ത്രിസഭയിലെ ന്യൂനപക്ഷകാര്യമന്ത്രി എസ്.എം. നാസർ ജൂൺ 16ന് ചെന്നൈ ഗിണ്ടിയിലെ സ്വകാര്യഹോട്ടലിൽ നടന്ന പരിപാടിയിൽ ഒരു സാമ്പിൾ വെടിക്കെട്ടിന് തിരികൊളുത്തുകയും ചെയ്തു. തമിഴ്‌നാടിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിച്ചാൽ അത് ലോകോത്തര സാമ്പത്തിക ശക്തിയായി (സൂപ്പർ പവർ) മാറുമെന്ന് നൊബേൽസമ്മാന ജേതാവ് അമർത്യാസെൻ അഭിപ്രായപ്പെട്ടിരുന്നു എന്നാണ് നാസർ പ്രസ്തുത യോഗത്തിൽ അവകാശപ്പെട്ടത്. ആരോഗ്യ, വിദ്യാഭ്യാസ രംഗത്ത് തമിഴ്‌നാട് കൈവരിച്ച നേട്ടം ശ്ലാഘനീയമാണ്. തമിഴ്‌നാടിനെ ഇനിയും സ്വതന്ത്രമായി വളരാൻ അനുവദിച്ചാൽ ലോകത്തിലെ 18-ാമത്തെ ശക്തിയായി മാറുമെന്നും അമർത്യാസെൻ പറഞ്ഞിട്ടുണ്ട് എന്നാണ് നാസർ പറഞ്ഞത്. എന്നാൽ അമർത്യാസെൻ അങ്ങനെ അഭിപ്രായപ്പെട്ടിട്ടില്ലെന്നും, ഡി.എം.കെയുടെ സൈബർ വിംഗ് അത്തരത്തിലുള്ള നുണപ്രൊപ്പഗണ്ട സെറ്റ് ചെയ്യുകയാണെന്നും ബി.ജെ.പി. തിരിച്ചടിച്ചു. 

വാസ്തവം എന്തുതന്നെ ആയാലും തമിഴ്‌നാടിനെ ഇന്ത്യയിൽ നിന്നും ഭിന്നിപ്പിച്ച് നിർത്തി അതിലൂടെ വിഘടനവാദം ഉയർത്തി രാഷ്ട്രീയംകളിക്കാനാണ് ഡി.എം.കെയുടെ തീരുമാനം. തമിഴ് എന്ന വൈകാരികതരംഗം ഉയർത്തി തമിഴ്‌നാട്ടുകാരെ സ്വാധീനിക്കാൻ എളുപ്പമാണ്. ജല്ലിക്കെട്ട് വിവാദസമയത്തൊക്കെ തമിഴന്റെ വൈകാരികപ്രകടനം രാജ്യം കണ്ടതാണ്. സമാനമായ തമിഴ് വികാരം ഉണർത്തി തമിഴ്‌നാട്ടിൽ തുടർഭരണം ഉറപ്പാക്കുക, തന്റെ കാലശേഷം മകൻ ഉദയനിധിയുടെ കൈകളിൽ സംസ്ഥാനഭരണം ഭദ്രമാക്കുക തുടങ്ങിയ അജണ്ടകളാണ് സ്റ്റാലിനും കൂട്ടർക്കുമുള്ളത്. എന്നാൽ രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയായ സ്റ്റാലിന്റെ നീക്കത്തെ എന്തുവിലകൊടുത്തും തടയാനാണ് ബി.ജെ.പിയുടെ നീക്കം. 

അതിനായി ബി.ജെ.പി. തീർക്കുന്ന പ്രതിരോധം കച്ചത്തീവ് പ്രശ്‌നമാണ്. കച്ചത്തീവ് (ദ്വീപ്) തിരികെ പിടിക്കണമെന്ന് സ്റ്റാലിനും കൂട്ടരും ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് നഷ്ടമാകാൻ കാരണം ഡി.എം.കെ. മുന്നണിയിലെ കൂട്ടുകക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് എന്നത് അവർക്ക് തിരിച്ചടിയാണ്. വാസ്തവത്തിൽ തമിഴന് തന്നെ ഭീഷണിയായ കച്ചത്തീവ് വിഷയത്തിന്റെ കാരണക്കാർ ഡി.എം.കെയും കോൺഗ്രസും തന്നെയാണ് എന്ന് സ്ഥാപിച്ചെടുക്കാനാണ് ബി.ജെ.പിയുടെ നീക്കം. 

എന്താണ് കച്ചത്തീവ് വിഷയം ?

തമിഴ്‌നാടിന്റെ തെക്കൻതീരത്ത് രാമേശ്വരത്തിൽ നിന്നും 14 നോട്ടിക്കൽ മൈൽ മാറി പാക് കടലിടുക്കിൽ സ്ഥിതിചെയ്യുന്ന 285 ഏക്കർ ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. 1921 ൽ തന്നെ ശ്രീലങ്ക പ്രസ്തുത ദ്വീപിൽ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ 1974ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയിരിക്കവേ ഇന്ത്യ-ശ്രീലങ്ക അതിർത്തി സംബന്ധിച്ച കരാർ ഒപ്പുവെച്ചു. അന്നേരമാണ് കച്ചത്തീവ് ലങ്കയ്ക്ക് വിട്ടുനൽകാൻ ഇന്ത്യൻ സർക്കാർ തീരുമാനിച്ചത്. ദ്വീപ് ലങ്കയുടെ കൈക്കലായതോടെ തമിഴ്‌നാട്ടിൽ നിന്നുള്ള മത്സ്യതൊഴിലാളികൾ ഇപ്പോൾ ഭീഷണി നേരിടുകയാണ്. മത്സ്യബന്ധനത്തിനായി പുറംകടലിൽ പോകുന്ന തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അതിർത്തി ലംഘിച്ചെന്ന പേരിൽ അറസ്റ്റ് ചെയ്യുന്നതും വെടിവെയ്ക്കുന്നതും പതിവാണ്. ഇതിനെതിരെ തമിഴ്‌നാട്ടിൽ വ്യാപകപ്രക്ഷോഭമാണ് നടക്കുന്നത്. 

വിവാദ കരാർ ഒപ്പുവെയ്ക്കാൻ പോകുന്നകാര്യം ഇന്ദിരാഗാന്ധി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയെ അറിയിച്ചിരുന്നെന്നും, അദ്ദേഹത്തിന്റെ കൂടെ അനുമതിയോടെയാണ് കരാർ യാഥാർത്ഥ്യമായതെന്നും ബി.ജെ.പി. ആരോപിക്കുന്നു. 1961ൽ നെഹ്‌റുവിന്റെ കാലത്തുതന്നെ കച്ചത്തീവ് ലങ്കയ്ക്ക് വിട്ടുനൽകാൻ അദ്ദേഹം അനൗദ്യോഗികമായി തീരുമാനിച്ചതാണ് എന്നും ബി.ജെ.പി. പറയുന്നു. ഇതുമായി ബന്ധപ്പെട്ട് തനിക്ക് ലഭിച്ച വിവരാവകാശരേഖ അണ്ണാമലൈ നേരത്തേതന്നെ  പുറത്തുവിട്ടിരുന്നു. ഇത് ഫലത്തിൽ ഡി.എം.കെയ്ക്ക് തിരിച്ചടിയാണ്. തമിഴനെ ഒറ്റുകൊടുത്ത ഡി.എം.കെ. ഇപ്പോൾ തമിഴന് വേണ്ടി കരയുന്നത് ഇരട്ടത്താപ്പാണെന്ന വാദമാണ് ബി.ജെ.പിയും എ.ഐ.എ.ഡി.എം.കെയും മുന്നോട്ടുവെയ്ക്കുന്നത്. 

തമിഴ്‌നാട്ടിൽ പുതുതായി രൂപംകൊണ്ട ഇളയദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകവും (ടി.വി.കെ.) കച്ചത്തീവ് വിഷയം ഏറ്റെടുത്തിട്ടുണ്ട്. ഇതും ഡി.എം.കെയ്ക്ക് തിരിച്ചടിയാണ്. ഇതെല്ലാം മുന്നിൽകണ്ടാണ് സ്റ്റാലിൻ ഒരുപടികൂടി കടന്ന് തമിഴ്‌നാടിനെ തന്നെ പ്രത്യേക രാജ്യമാക്കണം എന്ന ഫോർമുല പരീക്ഷിക്കാനൊരുങ്ങുന്നത്. വിഘടനവാദം വിലപ്പോകാൻ സാദ്ധ്യത തുലോംകുറവാണെന്ന് മറ്റാരെക്കാളും നന്നായി സ്റ്റാലിനറിയാം. പക്ഷേ, വിഘടനത്തിന്റെപേരിൽ തമിഴന്റെ വികാരം ഡി.എം.കെയ്‌ക്കൊപ്പം എത്തിക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ. അതിനായുള്ള സാമ്പിൾ വെടിക്കെട്ടുകളാണ് ഡി.എം.കെയുടെ സൈബർ ഫാക്ടറിയിൽ നിന്നും പുറത്തുവരുന്നത്. ഇവയോരൊന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ പൊളിച്ചടുക്കിക്കൊണ്ടിരുന്ന അണ്ണാമലൈ ഇപ്പോൾ ബി.ജെ.പി. നേതൃസ്ഥാനത്തുനിന്നും മാറ്റപ്പെട്ടത് ഡി.എം.കെയ്ക്ക് താത്കാലിക ആശ്വാസമാണ്. എന്നാൽ 2026 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി അണ്ണാമലൈയെ താക്കോൽ സ്ഥാനത്തുകൊണ്ടുവന്ന് സമാന്തരമായ പുതിയ പോർമുഖം തുറക്കാനാണ് ബി.ജെ.പി. ക്യാമ്പ് ശ്രമിക്കുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img